മണിപ്പുരിലെ സംഭവങ്ങൾ രാജ്യമനസാക്ഷിക്കേറ്റ കടുത്ത മുറിവ്: സോണിയ ഗാന്ധി
Wednesday, June 21, 2023 9:35 PM IST
ന്യൂഡൽഹി: മണിപ്പുർ സംഘർഷത്തെ അപലപിച്ച് സമാധാനത്തിന് ആഹ്വാനം നൽകി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി.
50 ദിവസമായി കൊടിയ ദുരന്തമാണ് മണിപ്പുരിൽ അരങ്ങേറുന്നതെന്നും ജനങ്ങൾക്ക് ജീവഹാനി വരുത്തിയും അവരെ നിരാലംബരാക്കിയുമുള്ള സംഘർഷം രാജ്യമനസാക്ഷിക്കേറ്റ കടുത്ത മുറിവാണെന്നും സോണിയ വീഡിയോ സന്ദേശത്തിലൂടെ പ്രസ്താവിച്ചു.
ഒരു അമ്മയെന്ന നിലയിൽ മണിപ്പുരിലെ ജനങ്ങളുടെ വേദന തനിക്ക് മനസിലാകുമെന്നും മനസാക്ഷിക്കനുസരിച്ച് അവർ പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്നും സോണിയ പറഞ്ഞു.
സ്നേഹിതരെ നഷ്ടമായവരോട് അനുശോചനം രേഖപ്പെടുത്തുന്നു. സ്വന്തം വീടെന്ന് ആളുകൾ കരുതിയിരുന്ന സ്ഥലങ്ങളിൽ നിന്ന് ഒളിച്ചോടേണ്ടി വന്നത് അതീവ സങ്കടകരമായ കാര്യമാണ്.
പരസ്പരസഹകരണത്തോടെ ജീവിച്ചിരുന്ന സഹോദരങ്ങൾ ഏറ്റുമുട്ടുന്നത് വേദനാജനകമാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾ ഒരുമിച്ച് ജീവിച്ചിരുന്ന ചരിത്രമാണ് മണിപ്പുരിന് ഉണ്ടായിരുന്നത്. സാഹോദര്യ മനഃസ്ഥിതി ഉരുവാക്കാൻ അശ്രാന്ത പരിശ്രമവും പരസ്പരവിശ്വാസവും അനിവാര്യമാണ്. എന്നാൽ വിഭജനത്തിന്റെ തീ ആളിക്കത്തിക്കാൻ തെറ്റായ ഒരു ചുവട് മാത്രം മതി.
ഈ വേളയിൽ സമാധാനത്തിന്റെ പാത നാം സ്വീകരിച്ചാൽ അതിന്റെ ഗുണം അനുഭവിക്കുക ഭാവി തലമുറയാണ്. മനോഹരമായ ഈ ഭൂമികയിൽ സമാധാനം ഉറപ്പാക്കാൻ മണിപ്പുരിലെ ജനങ്ങളോട് അഭ്യർഥിക്കുന്നതായും സോണിയ കൂട്ടിച്ചേർത്തു.