കൊവാചിച്ച് ഇനി സിറ്റി ബോയ്
Wednesday, June 21, 2023 6:41 PM IST
ലണ്ടൻ: ചെൽസിയുടെ ക്രൊയേഷ്യൻ താരം മറ്റിയോ കൊവാചിച്ച് എണ്ണപ്പണമൊഴുകുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറാനൊരുങ്ങുന്നു. 30 മില്യൺ പൗണ്ട് ട്രാൻസ്ഫർ തുകയായി നൽകിയാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി കൊവാചിച്ചിനെ റാഞ്ചിയത്.
പുതിയ കോച്ച് മൗറീഷ്യോ പൊചെറ്റീനോയ്ക്ക് കീഴിൽ ടീമിന് പുതിയ ഊർജം കണ്ടെത്താനായി നിരവധി താരങ്ങളെ ചെൽസി സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഫ്രഞ്ച് താരം എംഗോലോ കാന്റെ സൗദി ക്ലബായ അൽ ഇത്തിഹാദിലേക്ക് മാറുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവാചിച്ചിന്റെ കൂടുമാറ്റം.
മിഡ്ഫീൽഡറായ കൊവാചിച്ച് റയൽ മാഡ്രിഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ 2019-ലാണ് ചെൽസിയിലെത്തിയത്. തുടർന്ന് താരത്തിന് അഞ്ച് വർഷത്തേക്കുള്ള സ്ഥിരം കരാർ ബ്ലൂസ് നൽകുകയായിരുന്നു.
ടീമിനൊപ്പം 2021 യുയേഫ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു കൊവാചിച്ച്. 2022 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു 29-കാരനായ താരം.
കൊവാചിച്ചിന്റെ വരവോടെ ജർമൻ താരം ഇൽകായ് ഗുണ്ടോവൻ സിറ്റി വിടുമെന്ന അഭ്യൂഹവും ശക്തമാണ്.