"ഇ- സർട്ടിഫിക്കറ്റ് എവിടെ നിന്ന് കിട്ടി': ദേശാഭിമാനി ഉറവിടം വ്യക്തമാക്കണമെന്ന് കെഎസ്യു
സ്വന്തം ലേഖകൻ
Wednesday, June 21, 2023 1:33 PM IST
തിരുവനന്തപുരം: അൻസിൽ ജലീലിന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഇ- സർട്ടിഫിക്കറ്റ് ദേശാഭിമാനിക്ക് എവിടെ നിന്ന് കിട്ടിയെന്നും സർട്ടിഫിക്കറ്റിന്റെ ഉറവിടം ദേശാഭിമാനി വെളിപ്പെടുത്തണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു.
തെറ്റായ പ്രചാരണം നടത്തിയ ദേശാഭിമാനി മാപ്പുപറയണം. അൻസിലിന്റെ പേരിൽ പ്രചരിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഏഴ് ദിവസങ്ങൾക്ക് മുൻപ് കെഎസ്യു പറഞ്ഞിരുന്നു. ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും ഡിജിപിക്ക് പരാതിയും നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അൻസിൽ ജലീലിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നു. വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞിട്ടില്ലെന്നും എവിടെയും നൽകിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. ദേശാഭിമാനിയിലാണ് വാർത്ത വന്നത്. വസ്തുത പോലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.