കുരങ്ങുകളെ കൊന്ന് ആനന്ദം കണ്ടെത്തുന്ന ഓൺലൈൻ സംഘം പിടിയിൽ
Tuesday, June 20, 2023 7:56 PM IST
ജക്കാർത്ത: കുരങ്ങുകളെ ക്രൂരമായ കൊലപാതകത്തിന് ഇരയാക്കി അവയുടെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങൾ വഴി പങ്കുവച്ച് പണം സമ്പാദിക്കുന്ന ഓൺലൈൻ സംഘത്തെ പിടികൂടി. ഇന്തൊനേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അതത് രാജ്യങ്ങളിൽ വച്ച് പിടിയിലായത്.
ലോംഗ് ടെയിൽഡ് മക്കാവു ഇനത്തിൽപ്പെട്ട കുരങ്ങുകളെ ദ്രോഹിക്കുന്ന വീഡിയോകൾക്ക് തുടക്കം കുറിച്ചത് ഇന്തൊനേഷ്യയിൽ നിന്നുള്ള സംഘമാണ്.
യുട്യൂബിലൂടെ പ്രക്ഷേപണം ചെയ്തുതുടങ്ങിയ ഈ വീഡിയോകൾ പിന്നീട് ടെലഗ്രാം ഉൾപ്പെടെയുള്ള ആപ്പുകളിലൂടെ പങ്കുവച്ച് ഇവർ പണം സമ്പാദിക്കാൻ തുടങ്ങി.
യുഎസ്, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം വീഡിയോകൾക്കായി ഇവരെ സമീപിക്കാൻ തുടങ്ങി.
കുരങ്ങുകളുടെ കൈകാലുകൾ മുറിച്ചുമാറ്റുക, ആയുധങ്ങൾ ഉപയോഗിച്ച് വേദനിപ്പിക്കുക തുടങ്ങിയ ക്രൂരവിനോദങ്ങൾ ഉപയോക്താക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് ഇവർ വീഡിയോകളായി ചിത്രീകരിച്ചിരുന്നു.
ഏത് ആയുധം ഉപയോഗിക്കണമെന്നും ഏത് രീതിയിലുള്ള ക്രൂരത നടത്തണമെന്നും ഓൺലൈൻ പോളുകളിലൂടെയാണ് തീരുമാനിച്ചിരുന്നത്.
സംഭവത്തിൽ അറസ്റ്റിലായവരിൽ മുത്തശിമാർ മുതൽ യുവാക്കൾ വരെയുണ്ട്. ഗ്രൂപ്പിന് തുടക്കമിട്ട ഇന്തൊനേഷ്യക്കാരനും പിടിയിലായിട്ടുണ്ട്.