പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മഠാധിപതി അറസ്റ്റിൽ
Tuesday, June 20, 2023 6:11 PM IST
അമരാവതി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മഠാധിപതിയെ ആന്ധ്ര പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് നിന്നുള്ള സ്വാമി പൂർണാനന്ദയാണ് പിടിയിലായത്.
2016 മുതൽ പൂർണാനന്ദയുടെ ആശ്രമത്തിൽ കഴിഞ്ഞിരുന്ന കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. മാതാപിതാക്കളുടെ മരണശേഷം കുട്ടിയുടെ മുത്തശിയാണ് ഇവരെ ഇവിടെ കൊണ്ടുചെന്നത്. അടുത്തിടെ പെൺകുട്ടി ആശ്രമത്തിൽ നിന്ന് ഓടിപ്പോയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വിജയവാഡയിൽ നിന്നാണ് കണ്ടെത്തിയത്. വിശദമായ ചോദ്യംചെയ്യലിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
താൻ മാസങ്ങളായി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്നും അതിനാലാണ് ഓടിപ്പോയതെന്നും കുട്ടി പോലീസിന് മൊഴി നൽകി.
നേരത്തെ മറ്റൊരു പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് പൂർണാനന്ദ. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.