ഡൽഹി സർവകലാശാല പരിസരത്ത് വിദ്യാർഥി കുത്തേറ്റ് മരിച്ചു
Sunday, June 18, 2023 11:39 PM IST
ന്യൂഡൽഹി: ഡൽഹി സർവകലാശാല കാമ്പസിന് സമീപത്ത് വച്ച് ബിരുദ വിദ്യാർഥി കുത്തേറ്റ് മരിച്ചു. പശ്ചിം വിഹാർ സ്വദേശി നിഖിൽ ചൗഹാൻ(19) ആണ് മരിച്ചത്.
ആര്യഭട്ട കോളജിന് സമീപത്ത് വച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗിലെ വിദ്യാർഥിയായ ചൗഹാൻ ക്ലാസിൽ പങ്കെടുക്കാനായി എത്തിയ വേളയിലാണ് സഹപാഠിയായ യുവാവിന്റെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ക്ലാസിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിന്റെ തുടർച്ചയായി ആണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. ചൗഹാന്റെ കാമുകിയോട് പ്രതിയായ യുവാവ് അപമര്യാദയായി പെരുമാറിയെന്നും ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും അധികൃതർ അറിയിച്ചു.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കാമ്പസിലെത്തിയ പ്രതി, ചൗഹാനെ മർദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. ചൗഹാനെ ഉടനടി സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.