സാംസ്കാരിക വൈവിധ്യത്തിനായി മുസ്ലിം ഭരണസമിതിയെ തെരഞ്ഞെടുത്തു; ഒടുവിൽ "പ്രൈഡ്' അവകാശം റദ്ദാക്കുന്ന ട്വിസ്റ്റുമായി സമിതി
Sunday, June 18, 2023 5:23 PM IST
വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടുമുള്ള ഇസ്ലാമോഫോബിയയ്ക്കെതിരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുടെ മറുപടി നൽകിയ ഒരു അമേരിക്കൻ പട്ടണം ഇപ്പോൾ അപ്രതീക്ഷിതമായി ലഭിച്ച സാംസ്കാരിക തിരിച്ചടിയുടെ ഞെട്ടലിലാണ്.
മിഷിഗൻ സംസ്ഥാനത്തെ ഹാംട്രാംക്ക് പട്ടണത്തിലെ സമ്പൂർണ മുസ്ലിം സിറ്റി കൗൺസിൽ, എൽജിബിടിക്യുഐ+ സമൂഹത്തിന്റെ അവകാശങ്ങളെ സൂചിപ്പിക്കുന്ന മഴവിൽ കൊടികളും ചിഹ്നങ്ങളും കൗൺസിൽ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പതിക്കരുതെന്ന് വോട്ടിനിട്ട് തീരുമാനിച്ചത് നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു നഗര കൗൺസിലിലെ ഭൂരിഭാഗം പേരും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരായത് ഹാംട്രാംക്കിലാണ്. ഈ സാംസ്കാരിക വൈവിധ്യ മുന്നേറ്റത്തിനായി 2015-ൽ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചാണ് നിന്നത്. ഡൊണൾഡ് ട്രംപ് അടക്കമുള്ള വലതുപക്ഷ ശക്തികൾക്കെതിരായ മുന്നേറ്റമായും ഇത് വാഴ്ത്തപ്പെട്ടിരുന്നു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം തന്നെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ഈ കൗൺസിലാണ് വെള്ളിയാഴ്ച നടന്ന യോഗത്തിനിടെ പ്രൈഡ് ചിഹ്നങ്ങളും കൊടികളും വിലക്കുന്ന പ്രമേയം പാസാക്കിയത്.
സാംസ്കാരിക വൈവിധ്യത്തിനായി വാദിച്ച നഗരത്തിലെ എൽജിബിടിക്യുഐ+ സമൂഹത്തിൽ നിന്നടക്കമുള്ളവരെ ഈ ട്വിസ്റ്റ് ഞെട്ടിച്ചു.
വെള്ളക്കാരുടെ അധീശത്വത്തിൽ ഞെരുങ്ങിയ ഒരു വിഭാഗത്തെ ഭൂരിപക്ഷം നൽകിയ ജയിപ്പിച്ചതോടെ, യാഥാസ്ഥിതികരായ ഈ ജനപ്രതിനിധികൾ തങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ പെരുമാറുന്നതായി നിരവധി പേർ പ്രതികരിച്ചു.
പോളിഷ്, യുക്രെയ്നിയൻ വംശജർക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഹാംട്രാംക്ക് പട്ടണത്തിലേക്ക് കഴിഞ്ഞ 10 വർഷത്തിനിടെ യെമൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് താമസം മാറി എത്തിയത്. ഇതോടെയാണ് നഗര കൗൺസിൽ വോട്ടെടുപ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം മാറിമറിഞ്ഞത്.