"പെന്റഗൺ പേപ്പേഴ്സ്' പുറത്തുവിട്ട ഡാനിയൽ എൽസ്ബർഗ് അന്തരിച്ചു
Saturday, June 17, 2023 7:37 PM IST
വാഷിംഗ്ടൺ ഡിസി: വിയറ്റ്നാം യുദ്ധത്തിലെ അമേരിക്കയുടെ ഒളിച്ചുകളികൾ പുറത്തുകൊണ്ടുവന്ന ഡാനിയൽ എൽസ്ബർഗ്(92) അന്തരിച്ചു.
വിയറ്റ്നാമിലെ അമേരിക്കൻ ഭീകരത തുറന്നുകാട്ടുന്ന രേഖകൾ പ്രസിദ്ധീകരിച്ചതോടെ "അമേരിക്കയിലെ ഏറ്റവും അപകടകാരിയായ വ്യക്തി' എന്ന വിശേഷണം നേടിയ വ്യക്തിയാണ് എൽസ്ബർഗ്.
കാലിഫോർണിയയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എൽസ്ബർഗ് പാൻക്രിയാസിലെ അർബുദം മൂലമാണ് മരണപ്പെട്ടതെന്ന് ബന്ധുക്കൾ അറിയിച്ചു.
അമേരിക്കൻ സൈന്യത്തിലെ അനലിസ്റ്റായിരിക്കെ 1971-ലാണ് "പെന്റഗൺ പേപ്പേഴ്സ്' എന്നറിയപ്പെടുന്ന ഏഴായിരത്തോളം പേജ് വരുന്ന രേഖകൾ എൽസ്ബർഗ് പുറത്തുവിട്ടത്. 1960-കളിൽ വിയറ്റ്നാമിൽ യുഎസ് നടത്തിയ ആക്രമണങ്ങളുടെ ഭീകരത പുറത്തുവന്നത് പെന്റഗൺ പേപ്പേഴ്സിലൂടെയാണ്.
യുദ്ധത്തെപ്പറ്റി അമേരിക്കൻ പ്രസിഡന്റുമാർ നടത്തിയ വെളിപ്പെടുത്തലുകൾ തെറ്റാണെന്നും യുഎസ് സേന വിയറ്റ്നാമിൽ വിനാശം വിതച്ചെന്നും രേഖകൾ ഉദ്ധരിച്ച് എൽസ്ബർഗ് വെളിപ്പെടുത്തി. ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഈ രേഖകൾ വിയറ്റ്നാം യുദ്ധത്തിനെതിരായ പൊതുവികാരം സൃഷ്ടിച്ചു.
എൽസ്ബർഗിനെതിരെ റിച്ചാർഡ് നിക്സൺ സർക്കാർ രാജ്യദ്രോഹം, മോഷണം, രാജ്യാന്തര ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയെങ്കിലും കോടതി ഇവ തള്ളിക്കളഞ്ഞു.
എൽസ്ബർഗിനെ കുടുക്കാനായി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഒരു ജഡ്ജി വെളിപ്പെടുത്തിയ സംഭവം വരെയുണ്ടായി. ഒടുവിൽ നിക്സൺ സർക്കാരിന്റെ പതനത്തിന് പെന്റഗൺ പേപ്പേഴ്സ് വഴിവച്ചു.
2010-ൽ ജൂലിയസ് അസാഞ്ജെ നടത്തിയ വിക്കിലീക്സ് വെളിപ്പെടുത്തലിന് എൽസ്ബർഗ് നിശബ്ദ പിന്തുണ നൽകിയിരുന്നു. രഹസ്യരേഖകൾ പുറത്തുവിട്ട് വെളിപ്പെടുത്തലുകൾ നടത്തുന്ന "വിസിൽബ്ലോവേഴ്സിന്റെ' തലതൊട്ടപ്പനെന്നാണ് എൽസ്ബർഗ് അറിയപ്പെട്ടിരുന്നത്.