"ആദിപുരുഷി'നെതിരെ ഹർജിയുമായി ഹിന്ദുസേന
Saturday, June 17, 2023 6:09 PM IST
ന്യൂഡൽഹി: പ്രഭാസ് നായകനായ ബിഗ് ബജറ്റ് ചിത്രം "അദിപുരുഷ്' തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി ഹിന്ദുസേന ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.
ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും വാത്മീകി, തുളസീദാസ് എന്നിവർ എഴുതിവച്ച തരത്തിലല്ല "ആദിപുരുഷി'ൽ ദൈവങ്ങളെ ചിത്രീകരിച്ചതെന്നും ഹർജിയിൽ ഹിന്ദുസേന ആരോപിക്കുന്നു. ചിത്രത്തിന്റെ സിബിഎഫ്സി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യമുണ്ട്.
ശ്രീരാമൻ, ലക്ഷ്മണൻ, സീത എന്നിവരെ മോശമായ രീതിയിലാണ് ചിത്രത്തിൽ കാട്ടിയിരിക്കുന്നതെന്നും ഇത് ഹിന്ദുമതത്തെ അപമാനിക്കുന്ന പ്രവർത്തിയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മോശം തിരക്കഥയും വിഎഫ്എക്സും മൂലം പ്രദർശനത്തിനെത്തിയ ആദ്യ ദിനം മുതൽ കടുത്ത വിമർശനമാണ് ചിത്രം നേരിടുന്നത്.