അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ നേരിട്ടിറങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രിയും സംഘവും
Saturday, June 17, 2023 5:49 PM IST
ലണ്ടൻ: അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ പിടികൂടാനായി ഇറങ്ങിയ പോലീസ് സംഘത്തിനൊപ്പം ചേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.
ഇംഗ്ലണ്ടിന്റെ പല ഭാഗത്തായി നടത്തിയ റെയ്ഡുകളിൽ, അനുമതിയില്ലാതെ രാജ്യത്ത് കഴിഞ്ഞിരുന്ന 105 പേരെ പിടികൂടി. 20 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായതെന്നും ഇവരിൽ 40 പേരെ ഉടൻ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.
മറ്റുള്ളവരെ കുടിയേറ്റക്കാർക്കുള്ള പ്രത്യേക ജാമ്യവ്യവസ്ഥകൾ പ്രകാരം വിട്ടയച്ചു. ഇവരിൽ പലരും ഉടൻ രാജ്യം വിടുമെന്നാണ് സൂചന.
വ്യാഴാഴ്ച നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ ഇന്നാണ് പുറത്തുവന്നത്. വടക്കൻ ലണ്ടനിലെ ബ്രെന്റ് മേഖലയിൽ നടന്ന ഒരു റെയ്ഡിൽ സുനക്കും പങ്കെടുത്തു. ബുള്ളറ്റ്പ്രൂവ് ജാക്കറ്റ് ധരിച്ച് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന സുനക്കിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുകളുള്ള സുനക്, അനധികൃത താമസക്കാരെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കുമെന്ന വാഗ്ദാനം നൽകിയാണ് അധികാരത്തിലെത്തിയത്.