മാധ്യമ പ്രവർത്തകർ തെറ്റ് ചെയ്താൽ കേസെടുക്കുക സ്വാഭാവികം: എം.വി. ജയരാജൻ
Friday, June 16, 2023 9:45 PM IST
കണ്ണൂർ: മാധ്യമ പ്രവർത്തകർ തെറ്റായ കാര്യങ്ങൾ ചെയ്താൽ കേസെടുക്കുക സ്വാഭാവികമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. മാധ്യമ പ്രവർത്തകർ സാക്ഷികളോ പ്രതികളെ ആയതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമവേട്ടയുടെ ഇരയാണ് താൻ. തന്നെ കോടതി ശിക്ഷിച്ചത് മാധ്യമ പ്രവർത്തകരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ്. തന്നെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചപ്പോൾ 11 മാധ്യമപ്രവർത്തകർ മൊഴി നൽകിയെന്നും ജയരാജൻ പറഞ്ഞു.
മാധ്യമപ്രവർത്തകരെ പ്രതിയാക്കിയാൽ, അത് കമ്മ്യൂണിസ്റ്റുകാരുടെ വേട്ടയാടലിന് ഉപയോഗിക്കുന്നതാണെങ്കിൽ ശരിയും കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതാണെങ്കിൽ തെറ്റും എന്നുമാണ് നാട്ടിൽ ഇപ്പോൾ നടക്കുന്ന ചർച്ചയെന്നും ജയരാജന് കൂട്ടിച്ചേർത്തു.