ജർമൻ കൊട്ടാരത്തിന് സമീപം വിനോദസഞ്ചാരിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു
Friday, June 16, 2023 6:30 AM IST
ബെർലിൻ: ദക്ഷിണ ജർമനിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ന്യൂഷ്വാൻസ്റ്റെൻ കൊട്ടാരത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ 22-കാരിയെ അക്രമി കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസിൽ അമേരിക്കൻ പൗരനായ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 വയസുള്ള ഇയാൾ, അമേരിക്കയിൽ നിന്നെത്തിയ വിനോദസഞ്ചാരികളായ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ ഇരുവരെയും കൊക്കയിലേക്ക് തള്ളിയിട്ടുവെന്നുമാണ് പോലീസ് അറിയിച്ചത്.
ന്യൂഷ്വാൻസ്റ്റെൻ കൊട്ടാരത്തിന് സമീപത്തുള്ള മാരിൻബ്രൂക്ക് പാലത്തിന് സമീപത്ത് വച്ച് ബുധനാഴ്ചയാണ് പ്രതി യുവതികളെ പരിചയപ്പെട്ടത്.
കൊട്ടാരം വ്യക്തമായി കാണാൻ സാധിക്കുന്ന വ്യൂപോയിന്റിലേക്കുള്ള എളുപ്പവഴി കാട്ടിത്തരാമെന്ന വ്യാജേന ഇയാൾ യുവതികളെ വിജനമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
തുടർന്ന് നടത്തിയ ആക്രമണത്തിനിടെ ഇരുവരെയും കുത്തനെയുള്ള മലയിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. 50 മീറ്ററോളം താഴേക്ക് വീണ ഇരുവരും ഏറെനേരം അവിടെത്തന്നെ കിടന്നു. തുടർന്ന് പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.
കേസിലെ പ്രതിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.