ഹെഡ്ഗേവാറിനെ പുറത്താക്കി; പാഠപുസ്തകത്തിൽ നെഹ്റുവും അബേദ്ക്കറും തിരിച്ചെത്തി
Thursday, June 15, 2023 10:42 PM IST
ബംഗളൂരു: സ്കൂൾ പാഠപുസ്തകത്തിൽനിന്നും ആർഎസ്എസ് സ്ഥാപകനും ആദ്യ സർസംഘചാലകനുമായിരുന്നു ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിനെ പുറത്താക്കി കർണാടക സർക്കാർ. ബിജെപി സർക്കാർ പുറത്താക്കിയ നെഹ്റുവിനെയും അംബേദ്ക്കറെയും സിദ്ധരാമയ്യ സർക്കാർ പാഠപുസ്തകത്തിൽ തിരികെ എത്തിക്കും.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളിലെ കന്നഡ, സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ പരിഷ്കരണത്തിന് കർണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം സാവിത്രിഭായ് ഫൂലെ, ചക്രവർത്തി സുലിബെലെ, ജവഹർലാൽ നെഹ്റു ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകൾ, ബി.ആർ. അംബേദ്കറെക്കുറിച്ചുള്ള കവിതകൾ എന്നിവ കൂട്ടിച്ചേർക്കും.
ബിജെപി സർക്കാർ ഒഴിവാക്കിയത് തിരികെ കൊണ്ടുവരികയാണ് തങ്ങൾ ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കന്നഡ, സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിലാണ് പരിഷ്കാരം വരുത്തുന്നത്. ഈ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായതിനാൽ കൂട്ടിച്ചേർക്കുന്ന അധ്യായങ്ങൾ അനുബന്ധ പാഠങ്ങളായി പഠിപ്പിക്കും. ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെ ചിലവഴിച്ചാണ് പാഠപുസ്തക പരിഷ്കരണം നടത്തുന്നതെന്നും പത്ത് ദിവസത്തിനകം അനുബന്ധ പാഠങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്കൂൾ പാഠപുസ്തകങ്ങളിൽ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. എല്ലാ സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കാനും കോൺഗ്രസ് സർക്കാർ തീരുമാനിച്ചു.