സുധാകരനെതിരെ മോൻസന്റെ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരം: ഇ.പി. ജയരാജൻ
Wednesday, June 14, 2023 8:26 PM IST
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ പുരാവസ്തു തട്ടിപ്പുക്കേസിലെ പ്രതിയായ മോൻസന്റെ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. നിഷേധിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ആരോപണങ്ങളിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെതിരായ കേസ് രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമല്ല. അത്തരമൊരു സമീപനം ഇടത് മുന്നണിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു
സുധാകരന്റെ ജീവനക്കാർക്ക് അക്കൗണ്ട് വഴി പണം അയച്ചു. മോൻസന്റെ കുറ്റ കൃത്യങ്ങളിൽ സുധാകരനും പങ്കുണ്ടന്നാണ് ഡ്രൈവറുടെ ആരോപണം. ഇതാണ് പോലീസ് അന്വേഷിക്കുന്നത്. അല്ലാതെ സർക്കാരിന് പ്രതികാര മനോഭാവം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സംശുദ്ധി സൂക്ഷിക്കാൻ കോൺഗ്രസ് തയാറാവണം. സുധാകരൻ രാജിവയ്ക്കണോ എന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ.
നിയമസഭാ കൈയാങ്കളി കേസിൽ തനിക്ക് പങ്കുണ്ടെന്നും അക്കാര്യം നിഷേധിക്കുന്നില്ലെന്നും ഇപി പറഞ്ഞു. തന്റെ കൺമുന്നിൽവച്ച് ഞങ്ങളുടെ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തപ്പോൾ മിണ്ടാതിരിക്കണോ? അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
വാച്ച് ആന്‍ഡ് വാർഡിനെ അടക്കം ഇറക്കി സഭയ്ക്കകത്ത് പ്രകോപനം ഉണ്ടാക്കിയത് യുഡിഎഫായിരുന്നു. ഈ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി പിൻവലിച്ചത് നിയമപരമായി കാര്യങ്ങൾ പരിശോധിച്ച ശേഷമാണെന്നും ജയരാജൻ വ്യക്തമാക്കി.