നേപ്പാൾ പ്രസിഡന്റിന് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി
Tuesday, June 13, 2023 11:19 PM IST
കാഠ്മണ്ഡു: ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
78 വയസുകാരനായ പൗഡലിനെ ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെയാണ് കാഠ്മണ്ഡുവിലെ ഷഹീദ് ഗംഗാലയ് നാഷണൽ ഹാർട്ട് സെന്ററിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ വലതുവശത്തുള്ള ആർട്ടറികളിലൊന്നിൽ 70 ശതമാനം ബ്ലോക്ക് കണ്ടെത്തിയതോടെയാണ് പൗഡലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
പൗഡലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.