പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചെന്ന് പരാതി
Tuesday, June 13, 2023 11:34 PM IST
പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിനുള്ളിൽ പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന് ആരോപണം. പാലക്കാട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയ്ക്കെതിരെ എടത്തറ സ്വദേശിയായ ഷബാനയാണ് പരാതി നൽകിയത്.
ജൂൺ പത്തിന് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷബാന, രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ കഠിനമായ വയറുവേദന അനുഭവപ്പെടുന്നതായി യുവതി ബന്ധുക്കളെ അറിയിച്ചിരുന്നു.
ഇന്ന് രാവിലെ ശുചിമുറിയിൽ പോയ വേളയിലാണ് വയറ്റിൽ നിന്ന് ഏകദേശം 50 ഗ്രാം തൂക്കം വരുന്ന പഞ്ഞിക്കെട്ട് പുറത്തേക്ക് വന്നത്. ഇത് ശസ്ത്രക്രിയയ്ക്കിടെ തന്റെ ശരീരത്തിനുള്ളിൽ മറന്നുവച്ചതാണെന്ന് കാട്ടി യുവതി പോലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.