കൂടത്തായി കേസ്: എതിർ വിസ്താര അപേക്ഷയിൽ ഇന്ന് വിധി
Monday, June 12, 2023 6:01 AM IST
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ റോയി വധക്കേസിൽ സാക്ഷികളെ എതിർ വിസ്താരം ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ.ആളൂർ നൽകിയ അപേക്ഷയില്‍ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ഇന്നു വിധി പറയും.
ജൂൺ 19 മുതൽ ജൂലൈ 13 വരെ സാക്ഷികളുടെ ക്രോസ് വിസ്താരം നടത്താനാണു ധാരണ. ജോളിയെ കുറ്റവിമുക്തയാക്കണമെന്ന അപേക്ഷ കീഴ്കോടതി തള്ളിയതിനെതിരേ സുപ്രീംകോടതിയിൽ ഹർജി നിലവിലുള്ളതിനാൽ എതിർ വിസ്താരം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒന്നാം പ്രതിയുടെ അഭിഭാഷകൻ എതിർവിസ്താരം നേരത്തേ നടത്താതിരുന്നത്.
ഒന്നാം പ്രതി ജോളിയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ചുവെന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. താമരശേരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണു കോടതിയുടെ പരിഗണനയ്ക്കെത്തിയത്.