ഇന്ത്യക്ക് റിക്കാർഡ് വിജയലക്ഷ്യം വച്ചുനീട്ടി ഓസീസ്
Saturday, June 10, 2023 9:26 PM IST
ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം ഉയർത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്ക് മുമ്പിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്സ് റൺചേസ് എന്ന ലക്ഷ്യം പടുത്തുയർത്തി ഓസ്ട്രേലിയ. മത്സരത്തിൽ ഒന്നര ദിവസം ശേഷിക്കെ കിരീടം ഉയർത്താനായി ഇന്ത്യക്ക് വേണ്ടത് 444 റൺസ് ആണ്.
123/4 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിനായി അലക്സ് ക്യാരി(105 പന്തിൽ 66*) മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ ബൗളർമാരുടെ ബൗൺസറുകളും രവീന്ദ്ര ജഡേജയുടെ കൈവിരൽ സ്പിൻകെണിയും മറികടന്ന താരം ഓസീസിനെ 270/8 എന്ന നിലയിലെത്തിച്ചു.
ഒമ്പതാമനായി എത്തി അഞ്ച് പന്ത് മാത്രം കളിച്ച് പവിലയിനിലേക്ക് മടങ്ങിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ടീം സ്കോർ 270-ൽ നിൽക്കെ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്ത് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയെത്താൻ ഇന്ത്യക്ക് സാധിച്ചാൽ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഐസിസി ട്രോഫി എന്ന ടീമിന്റെ ലക്ഷ്യം സഫലമാകും. മത്സരം സമനില ആയാൽ കിരീടം പങ്കിടും.
മൂന്നാം ദിനത്തിലെ ബാറ്റിംഗ് തുടർച്ചയ്ക്കായി ക്രീസിലെത്തിയ മാർനസ് ലാബുഷെയ്നും(41) കാമറൂണ് ഗ്രീനും(25) വേഗം മടങ്ങിയെങ്കിലും ക്യാരി പ്രതിരോധം തുടർന്നു. 57 പന്തിൽ എഡ്ജ് ചെയ്ത ബൗണ്ടറികളും മികച്ച ഷോട്ടുകളുമായി നിറഞ്ഞുനിന്ന മിച്ചൽ സ്റ്റാർക്ക് 41 റൺസ് നേടിയാണ് പുറത്തായത്.
ഇന്ത്യയ്ക്കായി ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും ഉമേഷ് യാദവും രണ്ട് വിക്കറ്റുകൾ വീതം പിഴുതു.