മണിപ്പൂർ കലാപം: തട്ടിയെടുത്ത ആയുധങ്ങൾ തിരികെ നിക്ഷേപിക്കാൻ പെട്ടി സ്ഥാപിച്ച് ബിജെപി എംഎൽഎ
Saturday, June 10, 2023 9:25 PM IST
ഇംഫാൽ: കലാപം കത്തുന്ന മണിപ്പൂരിൽ പോലീസ് സ്റ്റേഷനുകളിൽനിന്നും ആയുധപ്പുരകളിൽ നിന്നും തട്ടിയെടുത്ത ആയുധങ്ങൾ തിരികെ നിക്ഷേപിക്കാൻ പെട്ടി സ്ഥാപിച്ച് ബിജെപി എംഎൽഎ. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ബിജെപി എംഎൽഎ എൽ. സുസിന്ദ്രോ മെയ്തിയാണ് തന്റെ വീടിനു മുന്നിൽ പെട്ടി സ്ഥാപിച്ചത്.
ആയധം ഉപേക്ഷിക്കാൻ വരുന്നവരുടെ വിലാസം വെളിപ്പെടുത്തുകയോ ആരെയും ചോദ്യം ചെയ്യുകയോ ഇല്ലെന്നാണ് ബിജെപി എംഎൽഎയുടെ ഉറപ്പ്. ദയവായി തട്ടിയെടുത്ത ആയുധങ്ങൾ ഇവിടെ ഉപേക്ഷിക്കുക. അങ്ങനെ ചെയ്യാൻ മടിക്കേണ്ടതില്ലെന്നാണ് പെട്ടിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ഓട്ടോമാറ്റിക് റൈഫിളുകളും ബുള്ളറ്റുകളുടെ ബെൽറ്റുകളും ഉൾപ്പെടെ ഏതാനും ആയുധങ്ങൾ പെട്ടിയിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
പോലീസ് സ്റ്റേഷൻ, മണിപ്പൂർ റൈഫിൾസ്, ഐആർബിഎൻ എന്നിവയുടെ ആയുധപ്പുരകൾ എന്നിവിടങ്ങളിൽനിന്ന് നാലായരിത്തിലേറെ തോക്കുകളും വെടിക്കോപ്പുകളുമാണ് അക്രമികൾ കൊള്ളയടിച്ചത്. എന്നാൽ പിന്നീട് സർക്കാർ അഭ്യർഥനയെത്തുടർന്ന് ഇവയിൽ 900 ലധികം ആയുധങ്ങളും ആയിരക്കണക്കിന് വെടിയുണ്ടകളും സൈന്യം കണ്ടെടുത്തിരുന്നു. കാടുകളിലും വിജനമായ സ്ഥലങ്ങളിലുമാണ് ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായും ആയുധങ്ങൾ അടിയറവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇംഫാൽ താഴ്വര ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയായ മണിപ്പൂർ ഏകോപന സമിതി (COCOMI) തട്ടിയെടുത്ത ആയുധങ്ങൾ തിരികെ നൽകാനുള്ള അമിത് ഷായുടെ ആഹ്വാനം തള്ളിയിരുന്നു.