വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
Friday, June 9, 2023 10:58 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 2018-ലെ മഹാപ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ സതീശൻ നടപ്പാക്കിയ പുനർജനി പദ്ധതിയെപ്പറ്റി വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസിന് നൽകിയ നിർദേശം.
കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ പദ്ധതിക്കായി വിദേശസഹായം സ്വീകരിച്ചെന്ന ആക്ഷന് കൗൺസിലിന്റെ പരാതിയിന്മേലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഒരു വർഷം മുമ്പ് കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ്, നിയമസഭാംഗത്തിനെതിരായ പരാതിയിൽ അന്വേഷണം നടത്താൻ സ്പീക്കറിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരമൊരു അനുമതി ആവശ്യമില്ലെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് മുഖ്യമന്ത്രി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.