ഇത് ചെറിയ കാറ്റ് മാത്രം, എല്ലാ പ്രശ്നങ്ങളും പരിഹരിക്കും; ബ്ലോക്ക് പുനഃസംഘടനയില്‍ കെ.സുധാകരന്
Friday, June 9, 2023 7:20 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയിലെ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ബോക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം ചര്‍ച്ച നടത്തിയ പുനഃസംഘടന കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഉപസമിതിവച്ച് ചര്‍ച്ച നടത്തിയ ചരിത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
ചര്‍ച്ച നടത്തിയില്ലെന്നുള്ളത് നുണ പ്രചാരണമാണ്. ഇക്കാര്യത്തില്‍ പരാതി ഉള്ളവരെയെല്ലാം നേരിട്ട് കണ്ട് ചര്‍ച്ച നടത്തും. ഇതൊരു ചെറിയ കാറ്റ് മാത്രമാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും സുധാകരന് പറഞ്ഞു.
രമേശ് ചെന്നിത്തലയേയും എം.എം.ഹസനെയും ഇന്ന് തന്നെ നേരില്‍ കാണും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എ, ഐ ഗ്രൂപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നതായി തനിക്കറിയില്ലെന്നും സുധാകരന് പ്രതികരിച്ചു.
സതീശന് ചെയ്ത പാതകമെന്താണെന്ന് തനിക്കറിയില്ലെന്നും ഗ്രൂപ്പുകളുടെ ഉന്നം സതീശനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.