മാര്‍ക്ക് ലിസ്റ്റ് വിവാദം; ആര്‍ഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും
Friday, June 9, 2023 7:19 PM IST
കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്ന് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് ആര്‍ഷോ ഡിജിപിക്ക് ഇമെയില്‍ മുഖേന പരാതി നല്‍കിയത്. എഴുതാത്ത പരീക്ഷയ്ക്ക് തന്റെ പേരില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പരാതിയിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു.