രഹസ്യ രേഖകൾ വീട്ടിൽ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം, ആസൂത്രിതമെന്ന് ആരോപണം
Friday, June 9, 2023 7:59 AM IST
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റപത്രം. ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ബൈഡൻ ഭരണകൂടം തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനൽ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തന്റെ ശ്രമത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു. താൻ നിരപരാധിയാണ്. ഒരു മുൻ അമേരിക്കൻ പ്രസിഡന്റിന് ഇത്തരമൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച മിയാമിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യ ഫയലുകൾ അനധികൃതമായി സൂക്ഷിച്ചത് ഉൾപ്പെടെ ഏഴ് കുറ്റങ്ങളാണ് 76 കാരനായ ട്രംപിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് നീതിന്യായ വകുപ്പിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞവർഷമാണ് ട്രംപ് തന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ ക്ലാസിഫൈഡ്-മാര്‍ക്ക് ചെയ്ത രേഖകള്‍ സൂക്ഷിക്കുന്നത് നീതിന്യായ വകുപ്പിന്റെ കണ്ണില്‍പ്പെടുന്നത്. മാര്‍-എ-ലാഗോയില്‍ നടത്തിയ പരിശോധനയിൽ 11,000 രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിൽ ഏകദേശം നൂറെണ്ണം ക്ലാസിഫൈഡ്-മാര്‍ക്ക് ചെയ്ത രേഖകളായിരുന്നു.
വൈറ്റ് ഹൗസ് വിട്ടശേഷം രഹസ്യരേഖ സൂക്ഷിച്ചിരുന്നതായി ട്രംപ് സമ്മതിച്ചതായുള്ള പ്രോസിക്യൂട്ടർമാരുടെ ഓഡിയോ റിക്കാർഡിംഗ് കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.