ഗൂഢാലോചന അന്വേഷിക്കണമെന്ന് ആർഷോ; ഡിജിപിക്ക് പരാതി നല്കി
Friday, June 9, 2023 4:30 AM IST
കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഡിജിപിക്ക് പരാതി നല്കി. തെറ്റായ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഇമെയില്‍ മുഖേന നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
ആര്‍ഷോയുടെ പരാതി ഡിജിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. പരാതിയില്‍ അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ തന്റെ ഭാഗത്തു വീഴ്ചയില്ലെന്ന് ആര്‍ഷോ പാര്‍ട്ടി നേതൃത്വത്തിനും വിശദീകരണം നല്‍കിയിട്ടുണ്ട്.
ആര്‍ഷോയുടെ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചതായാണു വിവരം.