വിദ്യയുടെ വിദ്യകൾ; പരാതി ഉന്നയിച്ചവരെ വിസി അപമാനിച്ചെന്ന് ദിനു വെയില്
Thursday, June 8, 2023 8:46 PM IST
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച് ഗസ്റ്റ്ലക്ചറര്‍ നിയമനം നേടാന്‍ ശ്രമിച്ച കെ. വിദ്യയുടെ കാലടി സര്‍വകലാശാലയിലെ പിഎച്ച്ഡി സീറ്റ് തരപ്പെടുത്തിയ രീതിയെക്കുറിച്ച് പരാതി ഉയര്‍ത്തിയപ്പോള്‍ വൈസ് ചാന്‍സലര്‍ പൊതുവേദിയില്‍ വച്ച് അപമാനിച്ചുവെന്ന് ദളിത് ആക്ടിവിസ്റ്റ് കൂടിയായ ദിനു വെയില്.
സര്‍വകലാശാലയിലെ എസ്സി/എസ്ടി സെല്ലിന് പരാതി നല്കിയപ്പോള് പരാതിക്കാര്‍ സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വൈസ് ചാന്‍സലറുടെ ആരോപണം. അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ഞാനും, ഡിഎസ്എം കോ ഓര്‍ഡിനേറ്റര്‍ അനൂരാജിയും ആയിരുന്നു വിദ്യയ്ക്കെതിരെ പരാതി നല്‍കിയത്.
വിദ്യയ്ക്ക് വേണ്ടി വൈസ് ചാന്‍സലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ മാനദണ്ഡം അട്ടിമറിച്ചു എന്നും കൃത്യമായി റിപ്പോര്‍ട്ട് ഉണ്ടായിട്ടും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ധര്‍മരാജ് അടാട്ട് സെല്ലിന്റെ റിപ്പോര്‍ട്ട് തള്ളി. തങ്ങള്‍ സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
അന്ന് കാണിച്ച സ്വജന പക്ഷപാതിത്വത്തിന്റെ ഊര്‍ജത്തില്‍ തന്നെയാണ് വിദ്യയ്ക്ക് വീണ്ടും തെറ്റ് ചെയ്യാന്‍ സാധിക്കുന്നതെന്നും ദിനു വെയില് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.