എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാൻ സിപിഎം ഗൂഢാലോചന: കെ. സുരേന്ദ്രൻ
Thursday, June 8, 2023 6:25 PM IST
കൊച്ചി: മഹാരാജാസ് കോളജിലെ പരീക്ഷയിൽ കൃത്രിമം കാണിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാൻ സിപിഎം ഗുഢാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ജോലിക്ക് കൃത്രിമ രേഖയുണ്ടാക്കിയ കെ.വിദ്യയെ തള്ളിപ്പറഞ്ഞ് പി.എം.ആർഷോയെ രക്ഷിക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൊടും ക്രിമിനലാണ്. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾ ചേർന്ന് നടത്തിയ തട്ടിപ്പല്ല ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്.
പല കോളജ് അധികൃതർക്കും ഇത്തരം തട്ടിപ്പിൽ ബന്ധമുണ്ട്. എസ്എഫ്ഐയും സിപിഎം അനുകൂല അധ്യാപക സംഘടനാ നേതാക്കളും അറിഞ്ഞാണ് തട്ടിപ്പെല്ലാം നടക്കുന്നത്. സംസ്ഥാന വ്യാപകമായി ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്.
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിതെന്ന് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ കണ്ടാൽ മനസിലാകും. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്.
സർവകലാശാല അസിസ്റ്റൻഡ് ഗ്രേഡ് തട്ടിപ്പ് മുതൽ പോലീസ് അന്വേഷിച്ച എല്ലാ കേസിലെയും കുറ്റവാളികൾ രക്ഷപെടുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഇത്രയും തെറ്റായ കാര്യങ്ങൾ പുറത്തുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്.
സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.