യുവതിയെ വെട്ടിനുറുക്കി, ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചു: ഞെട്ടിച്ച് അരുംകൊല
വെബ് ഡെസ്ക്
Thursday, June 8, 2023 2:51 PM IST
മുംബൈ: ഒപ്പം താമസിച്ചുവന്ന യുവതിയെ കൊലപ്പെടുത്തിയ അമ്പത്തിയാറുവയസുകാരൻ മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചു. മുംബൈ നഗരത്തിലാണ് ഞെട്ടിക്കുന്ന അരുംകൊല നടന്നത്. മുംബൈ മിറ റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (32)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
യുവതിക്കൊപ്പം താമസിച്ചുവന്നിരുന്ന പങ്കാളിയായ മനോജ് സെയിനിയാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സരസ്വതിയുമായി കഴിഞ്ഞ മൂന്നുവർഷമായി പ്രതി ഒന്നിച്ചു താമസിച്ച് വരികയായിരുന്നു.
സരസ്വതിയുടെ 16 കഷണങ്ങളാക്കിയ ശരീരഭാഗങ്ങൾ വീട്ടിൽനിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ മുറിച്ചത്. ദുർഗന്ധം ഉണ്ടാകാതിരിക്കാനാണ് ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചത്. പിന്നീട് പ്ലാസ്റ്റിക് കവറില്‍ കെട്ടിവയ്ക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തൊട്ടടുത്ത ഫ്ലാറ്റിലുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. നയാനഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
പ്രതിയെ ബുധനാഴ്ച രാത്രിതന്നെ ഫ്ലാറ്റിന്റെ പരിസരത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. പ്രതിയുമായുള്ള തെളിവെടുപ്പില്‍ രണ്ട് വുഡ് കട്ടറുകളും കണ്ടെടുത്തിട്ടുണ്ട്. നാലുദിവസം മുമ്പാണ് പ്രതി സരസ്വതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.