മണിപ്പൂരില്‍ ആയുധവേട്ട; 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും പിടിച്ചെടുത്തു
Thursday, June 8, 2023 12:02 PM IST
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്ത്യന്‍ ആര്‍മിയും അസം റൈഫിള്‍സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വന്‍ ആയുധശേഖരം പിടികൂടി. 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും സര്‍ക്കാര്‍ ആയുധപ്പുരകളില്‍ നിന്നും മോഷ്ടിക്കപ്പെട്ട ആയുധങ്ങളാണ് കണ്ടെടുത്തത്. ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ കുക്കി-മേയ്തി വിഭാഗങ്ങള്‍ തയാറാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. ഇംഫാലില്‍ പലയിടത്തും ബുധനാഴ്ച ഏറ്റുമുട്ടല്‍ ഉണ്ടായി.
ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് അക്രമികള്‍ തീയിട്ടതിനെതുടര്‍ന്ന് മൂന്ന് പേര് വെന്തു മരിച്ചിരുന്നു. പരിക്കേറ്റ എട്ടുവയസുകാരനും ഒപ്പമുണ്ടായിരുന്ന അമ്മയും ബന്ധുവുമാണ് കൊല്ലപ്പെട്ടത്.