"നൈറ്റ് ഡ്യൂട്ടിക്കാർക്ക് സൗജന്യം തന്നാലെന്ത്?'; ഹോട്ടൽ ബിൽ നൽകാതെ മുങ്ങി വനിതാ പോലീസുകാർ
Wednesday, June 7, 2023 10:20 PM IST
ചെന്നൈ: നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്ക് ശേഷം ഹോട്ടലിൽ കയറി ലഘുഭക്ഷണവും ജ്യൂസും കഴിച്ച വനിതാ പോലീസ് സംഘം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചു. സംഭവം വിവാദമായതോടെ പോലീസ് സംഘത്തെ സസ്പെൻഡ് ചെയ്തു.
ചെന്നൈ നഗരപ്രാന്തത്തിലെ ഗുഡവഞ്ചേരി മേഖലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുഡവഞ്ചേരി വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും മൂന്ന് കോൺസ്റ്റബിൾമാരും ഞായറാഴ്ച പുലർച്ചെ പടപ്പാറൈ മേഖലയിലെ ലഘുഭക്ഷണശാലയിൽ നിന്ന് ജ്യൂസും പലഹാരങ്ങളും വാങ്ങിയിരുന്നു.
ഭക്ഷണം കഴിച്ച ശേഷം കൗണ്ടറിലിരുന്ന വെള്ളക്കുപ്പികളും കൈക്കലാക്കി ഇവർ പുറത്തേക്ക് ഇറങ്ങിയതോടെ കാഷ്യർ ഇവരെ തടഞ്ഞു. ബിൽ തുക നൽകണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടതോടെ പോലീസ് സംഘം ഇയാളുമായി തർക്കത്തിൽ ഏർപ്പെട്ടു.
തുടർന്ന് കടയുടെ മാനേജരുമായി ഫോണിലൂടെ നടത്തിയ ചർച്ചയ്ക്കിടെ, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി രാത്രിയിൽ പട്രോളിംഗ് നടത്തുന്നവർക്ക് കുറച്ച് ഭക്ഷണം സൗജന്യമായി നൽകിയാൽ എന്തെന്ന് ഇൻസ്പെക്ടർ ചോദിച്ചു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് നാല് പോലീസുകാരെയും സസ്പെൻഡ് ചെയ്ത താംബരം കമ്മീഷണർ, സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.