ആർഷോയ്ക്കെതിരെ നടക്കുന്നത് വൻ ഗൂഢാലോചന: എം.വി. ഗോവിന്ദൻ
Wednesday, June 7, 2023 2:40 PM IST
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷയിൽ വിജയിച്ചുവന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പറയുന്നതൊന്നും താൻ വിശ്വസിക്കുന്നില്ലെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയെ കുറ്റപ്പെടുത്തിക്കൊണ്ട് വാർത്തകൾ ചമക്കുന്ന ശക്തി ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തും. പരീക്ഷ എഴുതാതെ ആരെങ്കിലും ജയിക്കുമോയെന്നും അങ്ങനെയൊരു ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുമോയെന്നും ഗോവിന്ദൻ ചോദിച്ചു.
എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ച് ജോലി തേടിയെന്ന് എസ്എഫ്ഐ പ്രവർത്തക വിദ്യാ വിജയനെതിരെയുളള പരാതിയിൽ ആരെയും സംരക്ഷിക്കുന്ന രീതി പാർട്ടിയിൽ നിന്നുണ്ടാകില്ല. പൊലീസ് അന്വേഷണവും അനുബന്ധ നടപടികളും നടക്കട്ടെ എന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
എംഎ വിദ്യാർഥിയായ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതാതെ പാസായവരുടെ പട്ടികയിൽ വന്നതാണ് വിവാദമായത്.
ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരി ക്കുന്നത്. ഇന്റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകളും രേഖപ്പെടുത്തിയിരുന്നില്ല.