വഴിത്തർക്കം; തിക്കോടിയിൽ അയൽവാസികൾ തമ്മിൽ കൂട്ടത്തല്ല്
Wednesday, June 7, 2023 2:40 PM IST
കോഴിക്കോട്: തിക്കോടിയിൽ വഴിത്തർക്കത്തിന്റെ പേരിൽ അയൽവാസികൾ തമ്മിൽ കൂട്ടത്തല്ല്. തിക്കോടി പഞ്ചായത്തിലെ 11-ാം വാർഡിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച ഇവിടെ മുടങ്ങികിടന്നിരുന്ന ഒരു വഴിയുടെ പണി പുനരാരംഭിച്ചിരുന്നു.
വാർഡ് മെന്പറുടെയും മറ്റു ജനപ്രതിനിധികളുടെയും നേത്യത്വത്തിൽ പണിക്കാരെത്തി പണി തുടങ്ങിയപ്പോൾ പ്രദേശവാസികളായ ചിലർ ഇതിൽ ഇടപെട്ടു. തുടർന്ന് അയൽവാസികൾ തമ്മിൽ തർക്കമായി. ഇത് വലിയ കൂട്ടത്തല്ലിലേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ 30 വർഷമായി പ്രദേശത്ത് വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും കോടതിയിലുണ്ട്. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി.
ഒടുവിൽ 30 കൊല്ലമായി പരിഹരിക്കാതെ കിടന്ന വഴിത്തർക്കം പരിഹരിച്ചു എന്നും വഴി വെട്ടിയത് ഉടനെ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. മധ്യസ്ഥ ചർച്ചയ്ക്ക് പിന്നാലെ വഴി വെട്ടാം എന്ന ധാരണയിലേക്ക് പ്രദേശവാസികൾ എത്തിയെന്നാണ് പഞ്ചായത്ത് അംഗങ്ങൾ വിശദീകരിക്കുന്നത്.