നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ
Wednesday, June 7, 2023 7:26 AM IST
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്വീഡൻ അംഗമാകുന്നതോടെ നാറ്റോ കൂടുതൽ ശക്തമാകുമെന്നും ജപ്പാൻ സന്ദർശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു.
ലിത്വേനിയയിലെ വിൽനിയസിൽ ജൂലൈ 11,12 തീയതികളിലാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്. ഇതിനകം സ്വീഡനെയും സഖ്യത്തിൽ ചേർക്കാനാണ് നാറ്റോ ആഗ്രഹിക്കുന്നത്. 31 അംഗരാജ്യങ്ങളും അംഗീകാരം നൽകിയാൽ മാത്രമാണ് പുതിയൊരു അംഗത്തെ ചേർക്കാൻ കഴിയുക. അതേസമയം, തുർക്കിയയും ഹംഗറിയും ഇതിന് അംഗീകാരം നൽകേണ്ടതുണ്ട്.
എത്രയും വേഗം അംഗത്വം നേടിയെടുക്കാനാണ് സ്വീഡിഷ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. വിൽനിയസ് ഉച്ചകോടിയോടെ ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.