മഹാരാഷ്ട്രയിൽ ടോയി ട്രെയിൻ പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ
Wednesday, June 7, 2023 4:56 AM IST
മുംബൈ: പശ്ചിമഘട്ട മലനിരകളിലെ നേരൾ- മാധേരൻ നാരോ ഗേജ് ട്രാക്കിലൂടെ സർവീസ് നടത്തുന്ന ടോയി ട്രെയിൻ പാളം തെറ്റി. ജുമ്മ പട്ടി സ്റ്റേഷനുസമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
മാധേരനിൽനിന്നു ശനിയാഴ്ച വൈകുന്നേരം നാലിനു പുറപ്പെട്ട ട്രെയിനിൽ 95 യാത്രക്കാരുണ്ടായിരുന്നു. രാത്രി ഒന്പതിനായിരുന്നു അപകടം. രാത്രിതന്നെ യാത്രക്കാരെ സുരക്ഷിതരായി സ്റ്റേഷനിലെത്തിച്ച് പണം തിരിച്ചുനല്കിയെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
21 കിലോമീറ്റർ നേരൾ- മാധേരൻ നാരോ ഗേജ് ട്രെയിൻ സർവീസിനു നൂറുവർഷത്തെ പഴക്കമുണ്ട്. അപകടത്തെത്തുടർന്ന് അനിശ്ചിത കാലത്തേക്കു ട്രെയിൻ സർവീസ് നിർത്തിവച്ചു.