ബാല കോൺഗ്രസ് പ്രവർത്തകന് മർദനം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു
Wednesday, June 7, 2023 2:49 AM IST
ഭോപ്പാൽ: ബാല കോൺഗ്രസ് (കോൺഗ്രസിലെ കുട്ടികളുടെ വിഭാഗം) പ്രവർത്തകനായ 17കാരനെ പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച എഎസ്ഐക്ക് സസ്പൻഷൻ. മധ്യപ്രദേശിലെ ഇൻഡോറിലെ മോവിലാണ് സംഭവം.
മോവ് ടൗണിൽ 'ഭജൻ സന്ധ്യ' പരിപാടി നടത്താൻ അനുമതി തേടിയാണ് കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത്. ഈ സമയം മധ്യലഹരിയിലായിരുന്ന പോലീസുകാരൻ അകാരണമായി കുട്ടിയെ മർദിക്കുകയായിരുന്നു.
വിഷയത്തിൽ ഇടപെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) നേരെയും എഎസ്ഐ അസഭ്യം പറഞ്ഞു.
കുട്ടിയുടെ പരാതിയിന്മേൽ നടപടിയെടുത്തതായി പോലീസ് സൂപ്രണ്ട് (റൂറൽ) ഹിതിക വാസൽ പറഞ്ഞു. ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.