വഞ്ചനാകേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
Tuesday, June 6, 2023 9:46 PM IST
വടക്കഞ്ചേരി: ജർമൻ കന്പനിയുടെ ഡയറക്ടർ ബോർഡ് മെന്പറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശിയായ യുവാവിൽ നിന്നും 56 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിൽ പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 80 വയസുള്ള കെ.പി. പുന്നൂസിനെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
2019 മുതൽ പല തവണകളായാണ് പണം തട്ടിയെടുത്തതെന്ന് എസ്ഐ ജീഷ്മോൻ വർഗീസ് പറഞ്ഞു. പണം തിരികെ ആവശ്യപ്പെട്ട യുവാവിനെ വ്യാജ ഒപ്പിട്ട ചെക്ക് നൽകി ചതിക്കുകയും വിശ്വാസ വഞ്ചനയും വ്യാജ രേഖാ നിർമാണവും നടത്തിയെന്നാണ് കേസ്.
വിദേശത്തുള്ള മകന്റെ കൂടി സഹായത്താലാണ് മകന്റെ സുഹൃത്തായ മംഗലം സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. പുഷ്പഗിരി കോളജിൽ അഡ്മിഷൻ വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയെ വഞ്ചിച്ച കേസിലും ഇയാൾ പ്രതിയാണ്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.