മണിപ്പൂർ സംഘർഷം: ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു
Tuesday, June 6, 2023 7:20 PM IST
ഇംഫാൽ: മണിപ്പൂരിൽ ആക്രമികൾ നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാൻ മരണത്തിന് കീഴടങ്ങി. കോൺസ്റ്റബിൾ രഞ്ജിത് യാദവ് ആശുപത്രിയിൽ വച്ച് മരിച്ചതായി അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ കിക്ചോംഗ് ജില്ലയിലെ സുഗ്നു മേഖലയിൽ വച്ചാണ് സൈന്യത്തിന് നേർക്ക് ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് ആസാം റൈഫിൾസ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.
സെറോ ഹൈസ്കൂളിന് സമീപത്ത് വച്ച് അക്രമികൾ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിന്റെ ഭാഗമായി സൈന്യവും വെടിയുതിർത്തിരുന്നു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യം അറിയിച്ചത്.