ലൈഫ് മിഷൻ കേസ്: സന്ദീപ് നായർ അറസ്റ്റിൽ
Tuesday, June 6, 2023 6:52 PM IST
കൊച്ചി: ലൈഫ് മിഷൻ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർ അറസ്റ്റിൽ. നിരന്തരം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് സന്ദീപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എറണാകുളം പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പ്രതികൾക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ സന്ദീപ് കോടതിയിൽ ഹാജരാകാതിരുന്നതോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ ജാമ്യം റദ്ദാക്കി. സന്ദീപിനെ റിമാൻഡ് ചെയ്തു.
കേസിൽ എം. ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്.