വ്യാജരേഖ ഉപയോഗിച്ച് അധ്യാപക ജോലി; യുവതി മുമ്പും തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം
Tuesday, June 6, 2023 6:47 PM IST
കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ അധ്യാപനപരിചയ രേഖ ചമച്ച് ഗസ്റ്റ് ലക്ചറർ ജോലിക്കായി ശ്രമിച്ച കെ. വിദ്യ നേരത്തെയും സമാന തട്ടിപ്പ് നടത്തിയതായി സ്ഥിരീകരണം.
തങ്ങളുടെ കോളജിൽ യുവതി ജോലി നേടിയത് മഹാരാജാസ് കോളജിന്റെ പേരുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നുവന്ന് കാസർഗോഡ് കരിന്തളം കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കരിന്തളം കോളജിൽ യുവതി ജോലി ചെയ്തത്.
മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥിയായ കെ. വിദ്യ കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയെന്ന് കാട്ടി കോളജ് പ്രിൻസിപ്പൽ ഇന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്. അട്ടപ്പാടി സർക്കാർ കോളജില്‍ അഭിമുഖത്തിന് ഹാജരായപ്പോള്‍ അവിടെ സംശയം തോന്നിയ അധികൃതര്‍ മഹാരാജാസ് കോളജ് അധികൃതരെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.