ഗോവയിലെ പോർച്ചുഗീസ് ചിഹ്നങ്ങൾ തുടച്ചുനീക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്
Tuesday, June 6, 2023 10:38 PM IST
പനാജി: നാല് നൂറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിനിടെ പോർച്ചുഗീസുകാർ ഗോവയിലെ ക്ഷേത്രങ്ങൾ നശിപ്പിച്ചെന്നും അതിനാൽ കൊളാണിയൽ ചിഹ്നങ്ങൾ തച്ചുടയ്ക്കണമെന്നും പ്രസ്താവിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
1961 വരെയുള്ള പോർച്ചുഗീസ് ഭരണകാലത്തെ ചിഹ്നങ്ങൾ പൂർണമായും തുടച്ചുനീക്കി പുതിയ പാതയിൽ ഗോവ മുന്നേറണമെന്ന് സാവന്ത് പറഞ്ഞു. ഇതിനായുള്ള പദ്ധതികൾ ബിജെപി തയാറാക്കുന്നുണ്ട്.
മറാത്ത ഭരണാധികാരി ഛത്രപതി ശിവാജിയാണ് പോർച്ചുഗീസുകാരുടെ ക്ഷേത്രം നശിപ്പിക്കൽ പ്രക്രിയ അവസാനിപ്പിച്ചത്. സപ്തകോട്ടേശ്വർ ക്ഷേത്രം പുനരുദ്ധരിക്കാനായി ഗോവയിലെത്തിയ ശിവാജി, ക്ഷേത്രങ്ങൾ നശിപ്പിക്കരുതെന്ന് പോർച്ചുഗീസുകാർക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് ഈ ആവശ്യം കൂടി എഴുതിച്ചേർത്ത സമാധാന ഉടമ്പടിയിൽ പോർച്ചുഗീസുകാർ ഒപ്പ് വയ്ക്കുകയായിരുന്നുവെന്നും സാവന്ത് കൂട്ടിച്ചേർത്തു.
ശിവാജിയുടെ പട്ടാഭിഷേകത്തിന്റെ 350-ാം വാർഷികാഘോഷച്ചടങ്ങുകൾക്കിടെയാണ് സാവന്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.