ഗുരുതര സാമ്പത്തിക പ്രതിസന്ധി; മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
Tuesday, June 6, 2023 2:56 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. അതീവ ഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പണമില്ലാത്ത സാഹചര്യത്തില്‍ അത് ചെലവഴിക്കുന്നത് ഒരു കലയാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ധനവിനിയോഗത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കണം.
ചെലവ് ചുരുക്കുമ്പോഴും അത് ജനങ്ങളെ നേരിട്ട് ബാധിക്കാത്ത രീതിയിലാവണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനവകുപ്പ് കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.