യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മൈക്ക് പെൻസ്; ട്രംപിന് വെല്ലുവിളി
Tuesday, June 6, 2023 11:34 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാൻ തയാറെടുത്ത് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. പാർട്ടിയിലെ സ്ഥാനാർഥിത്വത്തിനായി പെൻസ് ഔദ്യോഗികമായി രേഖകൾ സമർപ്പിച്ചു. മല്‍സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച ഡോണള്‍ഡ് ട്രംപിന് പെൻസിന്റെ വരവ് വെല്ലുവിളിയായി.
അയോവയിലെ ഡെമോയിനിൽ വച്ച് 63കാരനായ പെൻസ് തന്റെ സ്ഥാനാർഥിത്വം പരസ്യമായി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2017 മുതൽ 2021വരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിലായിരുന്നു പെൻസ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. ഇൻഡ്യാന മുൻ ഗവർണറായിരുന്ന പെൻസ് 2020 വരെ ട്രംപിന്റെ വിശ്വസ്തനായിരുന്നു.
എന്നാൽ, യുഎസ് ക്യാപിറ്റൽ കലാപത്തോടെയാണ് ട്രംപുമായി പെൻസ് അകലുന്നത്. ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് കഴിഞ്ഞയാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കൻ മത്സരത്തിൽ ട്രംപ് ഏറെ മുന്നിലാണെന്നാണ് ചില സർവേകൾ സൂചിപ്പിക്കുന്നത്.