നാറ്റോ സേനയ്ക്ക് പിന്തുണ; തുർക്കി സൈന്യം കൊസാവോയിൽ
Tuesday, June 6, 2023 11:36 AM IST
ഇസ്തംബുൾ: നാറ്റോ സേനയ്ക്ക് പിന്തുണയുമായി തുർക്കി സൈന്യം ബാൾക്കൻ രാജ്യമായ കൊസോവോയിലെത്തി. നാറ്റോയുടെ നേതൃത്വത്തിലുള്ള സമാധാന സേനയെ ശക്തിപ്പെടുത്താനാണ് 500 തുർക്കിഷ് കമാൻഡോ ബറ്റാലിയൻ എത്തിയത്.
നാറ്റോ സമാധാന സേനയിൽ 4000ത്തോളം സൈനികരാണുള്ളത്. അതിനിടെ തിങ്കളാഴ്ച സെർബ് വംശജരുമായുള്ള ഏറ്റുമുട്ടലിൽ കൊസോവോയിൽ 30 അന്താരാഷ്ട്ര സൈനികർക്ക് പരിക്കേറ്റു. ഇതിൽ 11 പേർ ഇറ്റലിക്കാരും 19 പേർ ഹംഗറിക്കാരുമാണ്.
സെർബുകൾ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ അൽബേനിയൻ വിഭാഗം വിജയിച്ചതിന് ശേഷമാണ് അക്രമം വ്യാപിച്ചത്. സെർബുകൾ മുനിസിപ്പൽ കെട്ടിടങ്ങൾ കൈയടക്കി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പ്രവേശിക്കാൻ അനുവദിച്ചില്ല.