കെ ഫോൺ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
Tuesday, June 6, 2023 4:20 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിച്ചു. എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്ന് പറഞ്ഞപ്പോ സ്വപ്നമായേ എല്ലാവരും കണക്കാക്കിയുള്ളു. അതും യാധാർഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഒരു നാടേ ഉള്ളു അത് കേരളം ആണ്. വാഗ്ദാനം നടപ്പാക്കുക ഉത്തരവാദിത്തമുള്ള സർക്കാരിന്റെ ജോലിയാണ്.
17,412 ഓഫീസിലും 2,105 വീടുകളിലും കെ ഫോൺ വഴി നെറ്റ് എത്തി. അടിക്കടി ഇന്റര്‍നെറ്റ് ഷട്ട്ഡൗൺ നടത്തുന്ന ഇന്ത്യയിലാണ് കേരളത്തിന്റെ സവിശേഷ ഇടപെടൽ. കോവിഡാനന്തര ഘട്ടത്തിലെ തൊഴിൽ സംസ്കാരത്തിനും ഇടതടവില്ലാത്ത ഇന്റര്‍നെറ്റ് എല്ലായിടത്തും എത്തണം. എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്ന് സർക്കാർ ഉറപ്പു വരുത്തുകയാണ്.
പൊതു മേഖലയിൽ ഒന്നും വേണ്ടെന്ന് വാദിക്കുന്നവരാണ് വിമർശനം ഉന്നയിച്ചത്. മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് കിഫ്ബിയെ വിശേഷിപ്പിച്ചവരുണ്ട്. അവർക്കു കൂടിയുള്ള മറുപടിയാണ് കെ ഫോണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.