ബ്രിജ് ഭൂഷനെതിരെ നടപടി വേണം; ഗുസ്തിതാരങ്ങള്‍ അമിത് ഷായെ കണ്ടു
Monday, June 5, 2023 1:48 PM IST
ന്യൂഡല്‍ഹി: ലൈംഗികപീഡനപരാതിയില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. ബജ്രംഗ് പൂനിയ, സാക്ഷി മാലിക് അടക്കമുള്ള ഗുസ്തിതാരങ്ങളാണ് കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11ന് അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് താരങ്ങള്‍ അമിത് ഷായെ അറിയിച്ചു.
ലൈംഗികപീഡനപരാതിയില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ബ്രിജ് ഭൂഷനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നും താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അമിത് ഷാ ഉറപ്പ് നല്‍കിയതായാണ് വിവരം.
കര്‍ഷക സംഘടനകളുടെ പിന്തുണയോടെ താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയ സാഹചര്യത്തിലാണ് വിഷയത്തില്‍ അമിത് ഷാ നേരിട്ട് ഇടപെട്ടതെന്നാണ് സൂചന.