കാടിറങ്ങി; അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട്
Monday, June 5, 2023 7:23 AM IST
കമ്പം: കാടിറങ്ങിയ അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ്. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്ത് വച്ചാണ് വെടിവച്ചത്. അരിക്കൊമ്പനെ പ്രദേശത്തുനിന്നു മാറ്റുന്നതിന് മൂന്നു കുങ്കിയാനകൾ സ്ഥലത്തേക്ക് തിരിച്ചു.
അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടിവച്ചത്. രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. മലയോര പ്രദേശത്തായിരുന്ന ആന സമതലപ്രദേശത്ത് എത്തിയതോടെ വെടിവയ്ക്കുകയായിരുന്നു.
അരിക്കൊമ്പനെ വെള്ളിമല വനത്തിലേക്ക് വിടാനാണ് തീരുമാനം. അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം പോലും നിർത്തിവച്ചിരുന്നു.