ബോൾ ഗേളിന്റെ നേർക്ക് പന്ത് അടിച്ചു; വനിതാ ഡബിൾസ് ടീമിനെ അയോഗ്യരാക്കി
Sunday, June 4, 2023 10:46 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ബോൾ ഗേളിന്റെ നേർക്ക് പന്ത് അടിച്ചതിനെ തുടർന്ന് വനിതാ ഡബിൾസ് ടീമിനെ അയോഗ്യരാക്കി. മിയു കാറ്റോ-അൽദില സുത്ജ്യാദി സഖ്യമാണ് പുറത്തായത്. വനിതാ ഡബിൾസ് മൂന്നാം റൗണ്ട് മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
മരിയ ബോസ്കോവ- സാറ സോറിബെസ് ടോർമോ സഖ്യമായിരുന്നു ജപ്പാൻ-ഇന്തോനേഷ്യ സഖ്യത്തിന്റെ എതിരാളികൾ. ആദ്യ സെറ്റ് 7-6 (7-1) ന് കാറ്റോ-അൽദില സഖ്യം നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാം സെറ്റിൽ 3-1 ന് മുന്നിൽ നിൽക്കുന്പോഴായിരുന്നു സംഭവം.
എതിർ കോർട്ടിൽനിന്നും മിയു കാറ്റോ അടിച്ചുവിട്ട പന്ത് ബോൾ ഗേളിന്റെ തോളിൽ കൊള്ളുകയായിരുന്നു. വേദനകൊണ്ട് പെൺകുട്ടി കരയുന്നത് കാണാമായിരുന്നു. മിയു കാറ്റോ പെൺകുട്ടിയുടെ അടുത്തെത്തി ക്ഷമാപണം നടത്തി.
മിയു കാറ്റോയ്ക്കു റഫറി താക്കീത് നൽകുകയും ചെയ്തു. എന്നാൽ മരിയ ബോസ്കോവ- സാറ സോറിബെസ് സഖ്യം എതിരാളികളെ അയോഗ്യരാക്കണമെന്ന് വാദിച്ചു. ഇതോടെയാണ് ജപ്പാൻ-ഇന്തോനേഷ്യ സഖ്യത്തെ അയോഗ്യരാക്കിയത്. മിയു കാറ്റോ കരഞ്ഞാണ് കളംവിട്ടത്.