അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ് എസ്എന്‍ഡിപി യോഗം: വെള്ളാപ്പള്ളി നടേശന്
Sunday, June 4, 2023 8:04 PM IST
എടത്വ: കോണ്‍ഗ്രസും കമ്മ്യൂണിസവും ഇല്ലാതിരുന്ന അവസരത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ സംഘടനയാണ് എസ്എന്‍ഡിപി യോഗമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വരുന്നതിനുമുമ്പ് കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചത് എസ്എന്‍ഡിപി യോഗമാണ്. ആലപ്പുഴയിലെ കയര്‍ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ചത് വാടപ്പുറം വാവയുമായിരുന്നെന്നും നീതി നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തിയ പാരമ്പര്യമാണ് യോഗത്തിന്റേതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലിംകൾക്കും ലാറ്റിന്‍ കത്തോലിക്കര്‍ക്കും പട്ടികജാതിക്കാര്‍ക്കും എല്ലാം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചതും വൈക്കം സത്യാഗ്രഹത്തിന് തുടക്കം കുറിച്ചതും എസ്എന്‍ഡിപി യോഗമായിരുന്നു. ജാതിയുടെ പേരില്‍ നീതി നിഷേധിപ്പെട്ട സമുദായമായി ഇപ്പോള്‍ ഈഴവ സമുദായം മാറി.
ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തപ്പോഴും ഈഴവര്‍ ആദര്‍ശ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരുന്നു. ഈ രാജ്യത്തെ സമ്പത്തും വ്യവസായവും ജാതി രാഷ്ട്രീയം പറഞ്ഞവരുടെ കൈയിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.