എറിഞ്ഞുവീഴ്ത്താൻ ഹേസൽവുഡ് വരില്ല; ഡബ്ല്യുടിസി ഫൈനലിൽ നിന്ന് പിന്മാറി
Sunday, June 4, 2023 8:29 PM IST
സിഡ്നി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ നിന്ന് ഓസ്ട്രേലയിൻ പേസർ ജോഷ് ഹേസൽവുഡ് പിന്മാറി. പരിക്ക് മൂലം താരം ഇന്ത്യക്കെതിരായ ഡബ്ല്യുടിസി ഫൈനലിൽ കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ട്വിറ്ററിലൂടെ അറിയിച്ചു.
ഇടതുകാലിലെ അക്കിലിസ് ടെൻഡണിലേറ്റ പരിക്ക് ഭേദമാകാത്ത് മൂലമാണ് താരം ഓവലിലെ തീപാറും പോരാട്ടത്തിൽ നിന്ന് പിന്മാറിയത്. ടീമിന്റെ പരിശീലന സെഷനിലും നെറ്റ്സിലും പങ്കെടുത്ത താരത്തിന്റെ പിന്മാറ്റം അപ്രതീക്ഷിതമാണ്.
ഐപിഎൽ 16-ാം സീസണിൽ ആർസിബി താരമായിരുന്ന ഹേസൽവുഡ് പരിക്ക് മൂലം മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു.
കൗണ്ടി ക്രിക്കറ്റിൽ ഗ്ലാമോർഗൻ ടീമിനായി കളിക്കുന്ന മൈക്കൾ നേസറിനെ ഹേസൽവുഡിന് പകരമായി ഡബ്ല്യുടിസി ഫൈനൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.