തെലുങ്കാനയിലും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്ന് രാഹുൽ ഗാന്ധി
Sunday, June 4, 2023 5:15 PM IST
ന്യൂയോർക്ക്: കർണാടകയിലേതു പോലെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്ന് രാഹുൽ ഗാന്ധി. വിദ്വേഷം നിറഞ്ഞ പാർട്ടിയെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ തകർക്കാൻ കഴിയുമെന്ന് ഞങ്ങൾ കർണാടകയിൽ തെളിയിച്ചു. അവരെ നമ്മൾ പരാജയപ്പെടുത്തുകയല്ല, തകർക്കുകയാണ് ചെയ്യുന്നത്. യുഎസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
കർണാടകയിൽ വിജയിക്കാൻ ബിജെപി സാധ്യമായ എല്ലാം ചെയ്തു. മാധ്യമങ്ങൾ മുഴുവൻ അവരുടെ കൂടെയായിരുന്നു. ഞങ്ങളുടെ കൈയിലുള്ളതിനേക്കാൾ 10 ഇരട്ടി പണമുണ്ട് അവരുടെ കൈവശം. കേന്ദ്രം ഭരിക്കുന്നത് അവരാണ്. അന്വേഷണ ഏജൻസികളും അവരുടെ കൈയിലാണ്. എല്ലാമുണ്ടായിട്ടും അവരെ തകർക്കാൻ കോൺഗ്രസിനു സാധിച്ചു.
അടുത്തത് തെലുങ്കാനയാണ്. തെരഞ്ഞെടുപ്പിനുശേഷം തെലുങ്കാനയിൽ ബിജെപിയുടെ പൊടി പോലുമുണ്ടാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.