പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരത്തിൽ മെസിക്ക് തോൽവി
Sunday, June 4, 2023 2:24 PM IST
പാരിസ്: ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുമായുള്ള കരാർ അവസാനിപ്പിച്ച് പുതിയ ക്ലബ് തേടുന്ന സൂപ്പർതാരം ലയണൽ മെസിക്ക് ലീഗ് വൺ സീസണിലെ അവസാന മത്സരത്തിൽ തോൽവി.
ജയത്തോടെ പിഎസ്ജി കരിയർ അവസാനിപ്പിക്കാമെന്ന മെസിയുടെ മോഹത്തിന് 3 - 2 എന്ന സ്കോർലൈനിൽ ക്ലെർമോണ്ട് തടയിടുകയായിരുന്നു.
അവസാന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ലീഗ് ചാമ്പ്യന്മാരായി ആണ് പിഎസ്ജി സീസൺ അവസാനിപ്പിക്കുന്നത്. ഏത് ക്ലബിലേക്കാണ് കൂടുമാറുന്നതെന്ന് മെസി വ്യക്തമാക്കാത്തതിനാൽ ലീഗ് വണ്ണിനോട് മെസി വിടപറയുന്ന മത്സരമായിരുന്നോ ഇതെന്ന് വ്യക്തമല്ല. സെന്റർ ബാക്ക് പൊസിഷനിലെ ഇതിഹാസമായ സ്പാനിഷ് താരം സെർജിയോ റാമോസും ഈ മത്സരത്തോടെ പിഎസ്ജിയോട് വിടപറഞ്ഞു.
റാമോസ്(16'), കിലിയൻ എംബാപ്പെ(21' - പെനൽറ്റി) എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. ഗാസ്റ്റ്യൻ(24'), സെഫാനെ(45'), ക്യെയ്(63') എന്നിവരാണ് ക്ലെർമോണ്ടിനായി വല കുലുക്കിയത്.